ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മുന്‍കാലങ്ങളില്‍ പെരിയാര്‍ നദി ഒഴുകിയിരുന്നത് മുട്ടുതുറ, കൊട്ടുതുറ, കൊടുവേലിത്തുറ എന്നിവിടങ്ങളിലൂടെയായിരുന്നു. പുരാതനകാലത്തെ പ്രധാന ജലഗതാഗത കേന്ദ്രങ്ങളായിരുന്നതിനാലാവാം പ്രസ്തുത സ്ഥലനാമങ്ങളോടൊപ്പം “തുറ” എന്ന പ്രയോഗവും ചേര്‍ന്നുവരുന്നത്. എന്നാൽ ഒരിക്കല്‍ പുഴ വഴിമാറി ഒഴുകി താന്നിപ്പുഴ വഴിയായി. പുഴയ്ക്കു മറുകര കടക്കാന്‍, പുഴയുടെ കുറുകെ കിടന്നിരുന്ന താന്നിമരം ഉപയോഗിച്ചതിനാല്‍ അത് താന്നിപ്പുഴയായി പിന്നീട് അറിയപ്പെട്ടു. പുഴ വഴിമാറി ഒഴുകിയപ്പോള്‍, എക്കല്‍മണ്ണ് അടിഞ്ഞ് രൂപപ്പെട്ട തുരുത്താണ് ഇപ്പോള്‍ “ഒക്കല്‍” എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശം. ആദ്യകാലത്ത് “എക്കല്‍” എന്ന പേരിലായിരുന്നു ഇവിടം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും, കാലക്രമേണ “ഒക്കല്‍” എന്ന് രൂപഭേദം സംഭവിക്കുകയായിരുന്നു.